തിരുവനന്തപുരം: തുലാവര്‍ഷം ആരംഭിച്ചതോടെ അറബിക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന് മുകളിലായാണ് തേജ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഇന്ന് 8 ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായ പ്രദേശങ്ങളിലും, മലയോര ജില്ലകളിലും പ്രത്യേക ജാഗ്രത നിര്‍ദേശവും ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെയും കന്യാകുമാരി മേഖലയ്ക്ക് മുകളിലുള്ള ചക്രവാതചുഴിയുടെയും സ്വാധീനഫലമായി തെക്കന്‍ ബംഗാള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിച്ചതിനാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും തുലാവര്‍ഷം എത്തിയതായി ഐ.എം.ഡി ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
തേജ് ഒമാനിലേക്ക്
തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്.ഒക്ടോബര്‍ 22ന് രാവിലെ വരെ വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിലും തുടര്‍ന്ന് ഒക്ടോബര്‍ 24ന് രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും പിന്നീട് വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ച് ഒക്ടോബര്‍ 25 രാവിലെയോടെ യെമന്‍ ഒമാന്‍ തീരത്ത് അല്‍ ഗൈദാക്കിനും (യെമന്‍ ) സലാലാക്കിനും ഇടയില്‍ അതി തീവ്ര ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരുന്ന ദിവസങ്ങളിലെ വിവിധ ജില്ലകളിലെ യെല്ലോ അലർട്ടുകൾ
22-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
23-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
24-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
25-10-2023 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്.

0 Comments