ന്യുഡൽഹി: രാജ്യത്തെ ആദ്യത്തെ സെമി ഹൈ സ്പീഡ് പ്രാദേശിക ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നമോ ഭാരത്’ എന്നു പേരിട്ടിരിക്കുന്ന റീജിയണൽ റാപിഡ് ട്രെയിൻ സർവീസ് (ആർആർടിഎസ്) ആണ് ഉദ്ഘാടനം ചെയ്തത്. ഉത്തർപ്രദേശിലെ ഷഹീബാബാദ് മുതൽ ദുഹായ് വരെയുള്ള ട്രെയിൻ സർവീസ് മോദി ഉദ്ഘാടനം ചെയ്തത്. റാപ്പിഡ് എക്സ് എന്ന പേര് ഇന്നലെയാണ് നമോ ഭാരത് എന്നാക്കി മാറ്റിയത്. 


ഉദ്ഘാടനത്തിന്റെ ഭാഗമായി ട്രെയിനിൽ അൽപ നേരം സഞ്ചരിച്ച പ്രധാനമന്ത്രി വിദ്യാർഥികളുമായി സംവദിച്ചു. 82 കിലോമീറ്റർ ദൂരം വരുന്ന ഡൽഹി– മീറ്ററ്റ് പാത ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കാനാകും. ട്രെയിനിൽ ഒരുപോറൽ പോലും ഉണ്ടാവരുതെന്നും ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. നമോഭാരതിലെ ജീവനക്കാർ എല്ലാവരും സ്ത്രീകളാണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഇത് ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ മുദ്രയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.


ഇന്ത്യയിൻ റെയിൽവേയുടെ മാറ്റത്തിന്റെ കാലഘട്ടമാണ് ഇത്. ചെറിയ സ്വപ്നങ്ങൾ കാണുക എന്നത് എന്റെ പതിവല്ല. ഇന്ത്യയിലെ ട്രെയിൻ ലോകത്തിന്റെ മറ്റിടങ്ങളിലേതിനേക്കാൾ പിന്നിലാകാൻ പാടില്ലെന്നും മോദി.


82 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി - മീററ്റ് പാതയില്‍ നിര്‍മാണം പൂര്‍ത്തിയായ സാഹിബാബാദ് - ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ് ഉദ്ഘാനം ചെയ്തത്. ഈ പാതയില്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും.


ഉന്നത നിലവാരമുള്ള സീറ്റുകൾ, ഓരോ സീറ്റിലും ചാർജിങ് പോയിന്റ്, വൈ ഫൈ എന്നിവയെല്ലാം പുതിയ ട്രെയിനിന്റെ പ്രത്യേകതയാണ്. 30,000 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ നമോ ഭാരത് ട്രെയിനിൽ ഒരു മണിക്കൂർ കൊണ്ട് മീററ്റിൽ നിന്നും ഡൽഹിയിലെത്താൻ സാധിക്കും. നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നമോ ഭാരത് ഹൈ സ്പീഡ് ട്രെയിൻ പ്രാദേശിക വികസന പദ്ധതിയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് അറിയിച്ചു.