ഗസ്സ മുനമ്പിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഇസ്രായേൽ നീക്കം തള്ളി ഖത്തർ. കൂട്ട ശിക്ഷ നടപ്പാക്കുന്ന ഇസ്രായേൽ നടപടി പ്രത്യാഘാതമുണ്ടാക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ഇതിനിടെ ഖത്തർ പ്രധാനമന്ത്രി സൗദി വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി. ഇറാൻ വിദേശകാര്യ മന്ത്രി ഉടൻ ഖത്തറിലെത്തും.


അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി സൗദി വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചത്. സാധാരണക്കാർക്കെതിരായ ആക്രമണങ്ങളെ ഏത് സാഹചര്യത്തിലും ഖത്തർ അംഗീകരിക്കില്ല. ഗസ്സയിലെ ജനങ്ങൾ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി മാനുഷിക ഇടനാഴി തുറക്കണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു.