ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ വസതിയിൽ റെയ്ഡ്. വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഡൽഹി പൊലീസ് സീതാറാം യെച്ചൂരിയുടെ വസതിയിൽ പരിശോധന നടത്തുന്നത്. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരൻ യെച്ചൂരിയുടെ വസതിയിൽ താമസിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരുടെ വീടുകളിൽ വ്യാപകമായ റെയ്ഡ് നടക്കുന്നു എന്നാണ് റിപ്പോർട്ട്.


ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിലവിൽ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ചോദ്യംചെയ്യലിനായി ഏതാനും മാധ്യമപ്രവർത്തകരെ പോലീസ് സ്‌റ്റേഷനിലേക്കുകൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പോർട്ടലിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു.


കേസുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിനുപിന്നാലെ പോർട്ടലുമായി ബന്ധപ്പെട്ട വിവിധ രേഖകൾ പിടിച്ചെടുത്തിരുന്നു. ചൊവ്വഴാഴ്ച നടന്ന പരിശോധന പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതിന്റെ പശ്ചാത്തലത്തിലാണോ എന്നതിൽ വ്യക്തതയില്ല. പരിശോധനയുമായി ബന്ധപ്പെട്ട് മറ്റുവിവരങ്ങൾ പിന്നീട് ലഭ്യമാക്കാമെന്ന് പോലീസ് അറിയിച്ചു.


പ്രഭിർ പുർകയാസ്ഥ, അഭിഷർ ശർമ, ഔനിന്ദ്യോ ചക്രവർത്തി, പരഞ്‌ജോയ് ഗുഹ താകുർത്ത, ഭാഷാ സിങ്, അതിഥി നിഗം, ബപ്പാ സിൻഹ, ഊർമിളേഷ് എന്നീ മാധ്യമപ്രവർത്തകരുടെ വസതികളിലാണ് റെയ്ഡ്. ഇവർക്ക് പുറമേ സഞ്ജയ് രജൗര, സൊഹൈൽ ഹഷ്മി എന്നിവരുടെ വസതികളും പരിശോധന നടന്നു. പലരുടേയും ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തതായും ആരോപണമുണ്ട്.


രാജ്യത്തിനെതിരായ അപവാദപ്രചാരണം നടക്കാൻ ന്യൂസ് ക്ലിക്കിന് ചൈനീസ് സഹായം പറ്റിയതായി ബി.ജെ.പി. ആരോപണമുന്നയിച്ചിരുന്നു