തയ്യാറാക്കിയത് : സൽമാൻ ഐക്കരപ്പടി
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ കറുകറുത്ത അധ്യായങ്ങളാണ് ഒന്നാം ലോക മാഹായുദ്ധാനന്തരം ഇന്ത്യൻ ജനത അനുഭവിച്ചത്. അതിൽ ഏറ്റവും നീചവും അപഹാസ്യവുമായിരുന്നു 1919 ഏപ്രിൽ 13 ന് പഞ്ചാബിലെ അമൃതസറിൽ നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയും, 1921 നവംബർ 19 ന് മലബാറിൽ നടന്ന വാഗൺ കൂട്ടക്കൊലയും.
എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇന്നും വാഗൺ കൂട്ടക്കൊല അറിയപ്പെടുന്നത് അവിചാരിതമായി സംഭവിച്ച ഒരു ദുരന്തമായിട്ടാണ് (Wagon Tragedy). പച്ച വെള്ളം പോലെ തെളിഞ്ഞ സത്യത്തെ ബ്രിട്ടീഷ് ഭരണകൂടം നൽകിയ അതേ അർത്ഥത്തിലാണ് ഇന്നും കലാലയങ്ങളിൽ പഠിപ്പിക്കപ്പെടുന്നത് എന്നത് സ്വതന്ത്ര ഇന്ത്യക്ക് അപമാനമാണ്. നമ്മളിന്നനുഭവിക്കുന്ന ഓരോ സുഖ സൗകര്യങ്ങൾക്കും നമുക്ക് മുന്നേ നടന്ന ദേശാഭിമാനികളുടെ ചുടുചോരയുടെ മണമുണ്ടെന്ന് നമ്മളോർക്കണം. ഈ കൂട്ടക്കൊല മലബാർ സമരത്തിന്റെ ഭാഗമായി നടന്നതുകൊണ്ടാണ് ഈ അപഹാസ്യമെങ്കിൽ അതിനേക്കാൾ വലിയൊരു ദേശദ്രോഹം വേറെയില്ലതാനും.
1921 ലെ ഐതിഹാസികമായ മലബാർ സമരത്തിന് മൂന്നു മാസം തികയുമ്പോഴാണ് ഏറെ ദു:ഖകരവും രോക്ഷമുണർത്തുന്നതുമായ ഈ സംഭവം അരങ്ങേറുന്നത്. കലാപത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കുള്ള മാപ്പിളമാർക്കെതിരെ മാർഷ്യൽ ലോ നടപ്പിലാക്കപ്പെട്ടു. പട്ടാളത്തിന്റെ പിൻമ്പലത്തോടെ അറസ്റ്റുകൾ തകൃതിയായി നടക്കുന്നുകൊണ്ടിരിന്നു. സമരത്തിൽ പങ്കെടുത്തവരും അല്ലാത്തവരുമായ ഒട്ടനേകം പേർ പട്ടാളത്തിന്റെ കൈകളിലമർന്നു. സഹോദര മതസ്ഥരുടെ ഭവനങ്ങൾ കാത്തുരക്ഷിച്ച മാപ്പിള പ്രധാനികളെ പോലും ആ കാപാലികർ കുറ്റാരോപണങ്ങളിൽ നിന്നൊഴിവാക്കിയിരുന്നില്ല.കോട്ടയ്ക്കലെ സാമൂതിരി കോവിലകം കാത്തുവന്ന ഓടായിപ്പുറം ചേക്കുട്ടി സാഹിബിനെയും കൂട്ടുകാരെയും അവിടുത്തെ തമ്പ്രാൻ തന്നെ കള്ള വാഗ്ദത്തം ചെയ്ത്, അറസ്റ്റ് ചെയ്യിച്ചത് ഒരുദാഹരണം മാത്രമാണ്. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് അന്നു ജന്മിമാർ പ്രകടിപ്പിച്ചിരുന്നത്. നവംബർ 10 മുതൽ നാടിന്റെ നാനാ ഭഗത്തു നിന്നും മലബാർ കലാപത്തിന്റെ പേരിൽ നിരവധി പോരാളികളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയിരുന്നു. അധിക പേരെയും കള്ളക്കേസ് ചമച്ചായിരുന്നു പോലീസ് പിടികൂടിയത്. പുലാമന്തോൾ പാലം പൊളിച്ചു എന്നതായിരുന്നു വാഗണിലടച്ചവിൽ ചാർത്തപ്പെട്ട കുറ്റം. തടവുകാരായി പിടിക്കപ്പെട്ടവരെ ആദ്യം കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് അയച്ചിരുന്നത്. കണ്ണൂരിൽ സ്ഥലം തികയാതെ വന്നതോടെ കലാപകാരികളെ ബല്ലാരിയിലേക്ക് കൊണ്ടുപോകുവാൻ തീരുമാനിക്കുകയായിരുന്നു. തടവുകാരെ ബല്ലാരിയിലെത്തിക്കാൻ ചുമതലപ്പെട്ടവർ സ്പെഷ്യൽ ഡിവിഷൻ ഉദ്യോഗസ്ഥൻ ഇവാൻസ്, പട്ടാള കമാന്റർ കേർണൻ ഹംഫ്രിഡ് , ജില്ലാ മേധാവി ഹിച്ച് കോക്ക് എന്നിവരായിരുന്നു.
32 തവണയായി 2500 ഓളം തടവുപുള്ളികളെ ഇങ്ങനെ വാഗണുകളിൽ കയറ്റിയയച്ചിട്ടുണ്ട്. ഗവൺമെൻറ് നിയമിച്ച അന്വേഷണ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞതാണിത്. എന്നാൽ, ഒറ്റ തീവണ്ടി ദുരന്തം മാത്രമാണ് പുറത്തറിയപ്പെട്ടിട്ടുള്ളത്.
കന്നുകാലികളെ കയറ്റുന്ന വണ്ടിയിലാണ് തുടക്കത്തിൽ തടവുകാരെ കുത്തിനിറച്ച് കൊണ്ടുപോയിരുന്നത്. ഇതു സുരക്ഷിതമല്ലന്ന് തോന്നിയതോടെ ചരക്കുവാഗണിൽ കൊണ്ടുപോകുവാൻ തീരുമാനിച്ചു. മദ്രാസ് ,സൗത്ത് മറാട്ട കമ്പനിക്കാരുടെ എം എസ് എം - എൽ വി 1711 എന്ന് മുദ്രണം ചെയ്ത ചരക്കു വാഗനാണ് നവംബർ 19 ന് തടവുകാരെ കൊണ്ടു പോകാൻ ഉപയോഗിച്ചത്. സേർജന്റ് ആഡ്രൂസിനായിരുന്നു തടവുകാരെ അയക്കാനുള്ള ചുമതല. കോഴിക്കോട്ട് നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന 77-ാം നമ്പർ ട്രൈൻ വൈകുന്നേരം 7:15 ന് തിരൂർ സ്റ്റേഷനിൽ എത്തി. അതിൽ വാഗൺ ഘടിപ്പിച്ചു. അതിലേക്ക് നൂറോളം തടവുകാരെ കുത്തി നിറച്ചു. ആ ചരക്കുവണ്ടിയിൽ നൂറു പേർക്കു നിവർന്നു നിൽക്കാൻ പോലും വിസ്താരമില്ലായിരുന്നു. അതിനാൽ ഒറ്റക്കാലിന്മേലാണ് പലരും നിന്നത്. പൃഷ്ടവും കൈകാലുകളും തുറിക്കാൻ തുടങ്ങി.ഉടനെ അവരെ ഒരു വിധം അടക്കി വാതിൽ ഭദ്രമായി ബന്ധിച്ചു. ബന്ധനസ്ഥരെ കാക്കേണ്ട ആവശ്യമില്ലായിരുന്നതുകൊണ്ട് സേർജന്റും മറ്റും ഇതര മുറികളിൽ സുഖമായി ഇരുന്നു. തിരൂരിൽ നിന്ന് വണ്ടിവിട്ടു. ശ്വാസം എടുക്കാൻ വായുവില്ല; കൊടും ദാഹം ശമിപ്പിക്കാൻ ഒരിറ്റു വെള്ളമില്ല. പലരും ബോധം കെട്ടുവീണു. ചിലർ കൈക്കുമ്പിളിൽ മൂത്രമൊഴിച്ചു കുടിച്ചു. ചിലർക്കു വാഗണിൽ ആണി ഒഴിഞ്ഞ ദ്വാരം കിട്ടി. അതിൽ മൂക്കുവെച്ചു ശ്വാസം എടുത്തു. അങ്ങനെ മരണ വക്ക്രത്തിൽനിന്നു രക്ഷപ്പെട്ട ഒരു മഹാഭാഗ്യവാനാണ് മലപ്പുറം കൊന്നോല അഹ്മദ് ഹാജി. ഹാജി സ്വനുഭവം വിവരിക്കുന്നത് കാണുക. " അകത്തു കടന്നവരുടെ കാലുകൾ നിലത്തമർന്നില്ല. 200പാദം ഒന്നിച്ചുവെക്കാൻ മാത്രം വിസ്താരം ആ വണ്ടിമുറിക്കില്ലായിരുന്നു. ഒറ്റക്കാലിൽ, മേൽക്കുമേൽ , നിലം തൊടാതെയായിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങൾക്കു വീർപ്പുമുട്ടാൻ തുടങ്ങി. ദാഹം സഹിക്കവയ്യാതായി. തൊണ്ട പൊട്ടുമാറുച്ചത്തിൽ ഞങ്ങളാർത്തുവിളിച്ചു. വാഗൺ ഭിത്തികളിൽ കൈകൊണ്ടടിച്ചു ശബ്ദമുണ്ടാക്കി. ആരുണ്ട് കേൾക്കാൻ ? കൂരാക്കൂരിരുട്ട് ! വണ്ടി ഏതോ ഒരു സ്റ്റേഷനിൽ (ഷോർണൂരാവണം) നിൽക്കാൻ പോകുന്നതായിതോന്നി. ഉള്ള കഴിവു മുഴുവൻ സംഭരിച്ചു വിളിച്ചുകരഞ്ഞു. വെറും വനരോദനം ! ആളുകൾ മേൽക്കുമേൽ വീണു. മലവും മൂത്രവും വിസർജിച്ചു. മൂത്രം കൈക്കുമ്പിളിലെടുത്ത് മോന്തി. സഹോദരന്റെ ശരീരത്തിൽ പൊടിഞ്ഞ വിയർപ്പുകണം നക്കിത്തു വർത്തി. എല്ലാം വിഫലം. ദാഹത്തിന് ശമനമില്ല. അന്യോനും മാന്തി വ്രണപ്പെടുത്തി. കടിച്ചുകാർന്നു. രക്തം ഊറ്റിക്കുടിച്ചു. ആ മരണ വെപ്രാളത്തിൽ എന്തൊക്കെയോ ചെയ്തു. ആർക്കും സ്വബോധമില്ലായിരുന്നു. "
ട്രൈൻ 8:40 ന്ഷോർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴേ തടവുകാർ അവശരായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ അവരെ പരിഗണിച്ചില്ല. അവരുടെ അലമുറയും രോദനവും ആരും ശ്രദ്ധിച്ചതുമില്ല. രാത്രി 12:30 ന് ട്രൈൻ പോത്തന്നൂരിൽ എത്തി. അപ്പോഴാണ് ട്രൈനിലെ പോലീസുകാർ മരണം അറിയുന്നത്. കാപാലികർ വാഗൺ തുറന്നു .അപ്പോൾ കണ്ട അതിഭീകരമായ കാഴ്ച അവരെ ഞെട്ടിച്ചു. 56 മനുഷ്യകോലങ്ങൾ മലമൂത്രത്തിലും രക്തത്തിലും കുതിർന്നു ,കണ്ണു തുറിച്ച,നാക്കുനീട്ടി കുഴഞ്ഞു മറിഞ്ഞ് മരിച്ചുകിടക്കുന്നു. തണുത്തവെള്ളം വാഗണിലേക്ക് കോരിയൊഴിച്ചു. ജീവൻ അവശേഷിച്ചവരൊന്നു പിടഞ്ഞു. മരിച്ചവരുടെ മൃതശരീരങ്ങൾ ഏറ്റെടുക്കാൻ പോത്തന്നൂർ സ്റ്റേഷൻ മാസ്റ്റർ വിസമ്മതിച്ചു. മറ്റൊരു മാർഗം ഇല്ലാതെയായപ്പോൾ , ഈ മൃതദേഹങ്ങൾ അതേ വാഗണിൽ കിടത്തി തിരൂരിലേക്ക് തിരിച്ചയച്ചു. സേർജന്റ് ആൻഡ്രൂസിനായിരുന്നു അതിന്റെയും മേൽനോട്ടം. ബാക്കി ജീവനവശേഷിച്ച 44 തടവുകാരുമായി പുലർച്ചെ 4:30ന് ഡോ.കോണറുടെ നേതൃത്വത്തിൽ ട്രെയിൻ കോയമ്പത്തൂരിലേക്ക് പോയി. കോയമ്പത്തൂരിൽ എത്തിയപ്പോഴേക്കും ഇതിൽ ആറുപേർ മരിച്ചു. 13 പേരെ കോയമ്പത്തൂർ സിവിൽ ഹോസ്പിറ്റലിലേക്കും, 25 പേരെ സെൻട്രൽ ജയിൽ ആശുപത്രിയിലേക്കും കൊണ്ടുപോയി. സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ 13 പേരിൽ രണ്ടുപേർ അന്നും നാലുപേർ അടുത്ത ദിവസവും മരണത്തിന് കീഴടങ്ങി.നവംബർ 26ന് രണ്ടു പേർ കൂടി മരിച്ചു. മൊത്തം 70 മരണം.
മൃതദേഹങ്ങളുമായി വണ്ടി തിരൂറിലേക്ക് എത്തുന്നുണ്ടന്ന് അറിഞ്ഞ് മലബാർ കളക്റ്റർ തോമസും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും കാത്തുനിന്നു. വാഗൺ തിരൂറിൽ തുറന്നപ്പോൾ അകത്ത് രൂക്ഷഗന്ധം . മലമൂത്ര വിസർജ്ജനത്തിൽ പുരണ്ടും അന്യോന്യം കെട്ടിപ്പിടിച്ചുമുള്ള മൃതദേഹങ്ങൾ. സന്നദ്ധ പ്രവർത്തകരായ ചില മുസ്ലിം ചെറുപ്പക്കാർ മാപ്പിള മയ്യത്ത് വാങ്ങി വിധിപ്രകാരം സംസ്കരിച്ചു. ചിലരെ കോരങ്ങത്ത് കബർസ്ഥാനിലും മറ്റുചിലരെ കോട്ടു കബർസ്ഥാനിലുമാണ് സംസ്കരിച്ചത്. ഹൈന്ദവ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ സംസ്കരിക്കാനോ ആരുമുണ്ടായിരുന്നില്ല. അതിനാൽ ,അവ മുത്തൂർ കുന്നിലുള്ള ഒരു കല്ലുവെട്ടി കുഴിയിൽ അടക്കം ചെയ്തു.
അന്വേഷണ പ്രഹസനം
പട്ടാള നിയമം നടപ്പിലില്ലാത്ത ഒരു മേഖലയിൽ വച്ചാണ് പ്രസ്തുത സംഭവം നടന്നത്. അതുകൊണ്ട് നാട്ടുക്കാരതറിഞ്ഞു. സംഭവത്തെപ്പറ്റി അസംബ്ലിയിലും മറ്റും പ്രമാദമായ വാഗ്വാദം നടന്നു. പത്രങ്ങളിൽ വിമർശനങ്ങളും വന്നു. അതിനാൽ, ഗവൺമെൻറ് സംഭവത്തെ പറ്റി ഒരു പരസ്യാന്വേഷണം നടത്താൻ നിർബന്ധിതരായി. അതിനായി ഒരു കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. ആ ഘട്ടത്തിൽ മലബാർ ജില്ലയിൽ സ്പെഷ്യൽ കമ്മീഷണർ എന്ന നിലയിൽ ഭരണത്തലപ്പത്തുണ്ടായിരുന്നത് എ.ആർ. നാപ്പായിരുന്നു. നാപ്പിനെ ചെയർമാനാക്കി നിയമിച്ച കമ്മറ്റിയിൽ മദ്രാസ് റിട്ടയേർഡ് മജിസ്ട്രേറ്റ് അബ്ബാസലി ,മഞ്ചേരി എസ്. രാമയ്യർ ,ഖാൻ ബഹദൂർ കല്ലടി മൊയ്തുട്ടി, മങ്കട കൃഷ്ണവർമ്മ രാജ എന്നിവർ അംഗങ്ങളായിരുന്നു. പ്രഹസനമായിരുന്നു അന്വേഷണം. അന്വേഷണ കമ്മിറ്റിയുടെ പ്രഥമ സിറ്റിംഗ് നവംബർ 29ന് നടന്നു. എന്നാൽ നാപ്പ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് ബ്രിട്ടീഷ് ഭരണകൂടത്തെ രക്ഷിപ്പിക്കുന്ന വിധത്തിലായിരുന്നു.
റിപ്പോർട്ടിലെ പരാമർശങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. : മരണ വണ്ടിക്കൂ ആവശ്യപ്പെട്ടവരും അതിൽ തടവുപുള്ളികളെ കയറ്റിയയച്ചവരുമായ ഹിച്ചുകോക്കും സംഘവും തെറ്റുകാരല്ല. പ്രത്യുത, വാഗൺ നിർമ്മിച്ച കമ്പനിക്കാരും അത് ഏൽപ്പിച്ചു കൊടുത്ത ട്രാഫിക് ഇൻസ്പെക്ടറും തടവുകാരുടെ സ്ഥിതിഗതികൾ അന്വേഷിക്കാതിരുന്ന സേർജന്റുമാണ് കുറ്റവാളികൾ. വാസ്തവത്തിൽ തടവുകാരെ കൊണ്ടുപോകേണ്ടതിനായി അടച്ചുപൂട്ടാവുന്ന വാഹനമാണ് അധികൃതർ ആവശ്യപ്പെട്ടിരുന്നതെന്നും മറ്റും റെയിൽവേ ഉദ്യോഗസ്ഥർ തെളിവുകൊടുത്തിട്ടുണ്ടായിരുന്നു. എന്നാൽ ആ കാര്യം അന്വേഷണ കമ്മിറ്റി ഗൗനിച്ചതേയില്ല. തടവുകാർ ശ്വാസം മുട്ടിയല്ല മരിച്ചതെന്നു വരുത്താൻ കമ്മറ്റി പരമാവധി ശ്രമിച്ചു നോക്കിയെങ്കിലും നീതിബോധവും നല്ല മന:സാക്ഷിയുമുണ്ടായിരുന്ന കോയമ്പത്തൂരിലെ മെഡിക്കൽ ഓഫീസർ ആശ്രമം തീർത്തും പരാജയപ്പെടുത്തി. ശ്വാസം മുട്ടിയാണ് അവരുടെ മരണമുണ്ടായതെന്ന് അദ്ദേഹം സംശയലേശമന്യേ തെളിവുകൊടുത്തു. "അവരെ കയറ്റിയ വാഹനം മനുഷ്യരെയെന്നല്ല ജീവനുള്ള യാതൊന്നിനെയും കയറ്റിയയക്കാൻ പറ്റിയതായിരുന്നില്ല " -അദ്ദേഹം കൂട്ടിച്ചേർത്തു. സേർജന്റ് ആഡ്രൂസ് വാൻ ഉപയോഗിച്ചതിൽ കുറ്റക്കാരനല്ല എന്ന കമ്മറ്റിയുടെ കണ്ടെത്തൽ സർക്കാർ തള്ളി. ആൻഡ്രൂസിനും ഒരു ഹെഡ്കോൺസ്റ്റബിളിനു മെതിരെ കേസെടുത്തു. പക്ഷേ കോടതി ഇവരെ വെറുതെ വിട്ടു. മരണപ്പെട്ടവരുടെ കുടുംബത്തിന് 300 രൂപ നൽകി ആ അദ്ധ്യായം സർക്കാർ അടച്ചുപൂട്ടി.
അവലംബം
1. മലബാർ കലാപം • കെ മാധവൻനായർ.
2. 1921 മലബാർ ലഹള • കെ കോയട്ടി മൗലവി.
3. മാപ്പിള സമുദായം; ചരിത്രം സംസ്കാരം • ടി.മുഹമ്മദ്.
4. മാധ്യമം ഓൺലൈൻ • 18 Nov 2021
5. മംഗളം പത്രവാർത്ത • 20 Nov 2001

0 Comments