സംസ്ഥാനം പുതിയ പാഠ്യ രീതികളെ പരീക്ഷിക്കാനുള്ള തിടുക്കത്തിലാണ്. പരിഷ്കരണവും കാലത്തിനനുസരിച്ചുള്ള കരിക്കുലവും ആവശ്യം തന്നെ. പക്ഷെ അതിന്റെ മറവിൽ മറ്റു പല അജണ്ഡകളും നടപ്പാകാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട് എന്നാണ് "കേരള പാഠ്യ പദ്ധതി ചട്ടക്കൂടുകൾ " എന്ന സൂചകാ പുസ്തകം തുറന്ന് കാട്ടുന്നത്.

ജെന്റർ ന്യൂട്രാലിറ്റിക് അമിതമായ പ്രാധാന്യം നൽകുന്നതാണ് ഇതിലെ ഏറ്റവും പ്രധാന വെല്ലുവിളി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ മാധ്യമ ചർച്ചകളിലെ മുഖ്യ അജണ്ടയും അതു തന്നെയാണ്.

ലിംഗവിവേചനവും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾക്കുള്ള ഏക പരിഹാരം ജെൻഡർ ന്യൂട്രാലിറ്റിയാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. അത് പാഠപുസ്തകത്തിലൂടെ കലാലയത്തിലെ കുരുന്നു ഹൃദയങ്ങളിൽ സന്നിവേശിപ്പിക്കാനുള്ള കുത്സിത ശ്രമമാണ് ലിബറൽ വാദികൾ ചെയ്യുന്നത്.

ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഏറെ അകലെയല്ല. നാദാപുരത്തെ സ്ക്കൂളിൽ ന്യൂട്രാലിറ്റിയിൽ അധിഷ്ഠിതമായ യൂനിഫോം പ്രായോഗികമായി നടപ്പാക്കിയതു മുതൽ ആൺ-പെൺ കുട്ടികളെ ക്ലാസിലെ ബെഞ്ചിൽ ഒരുമിച്ചിരുത്താം എന്ന നിലയിൽ എത്തി നിൽക്കുന്നു.

ഇത് കുട്ടികളിലുള്ള ജെന്റർ അവബോധം നഷ്ടപ്പെടാൻ കാരണമാകുന്നു എന്നാണ് പ്രധാന വിലയിരുത്തൽ. അമേരിക്കയിൽ 1946 മുതൽ 1964 വരെയുള്ള കാലയളവിനിടയിൽ ജനിച്ചവരിൽ 95 ശതമാനം ആളുകൾക്കും തങ്ങളുടെ ജെൻഡറിനെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നു. എന്നാൽ 1995 മുതൽ 2012 വരെയുള്ള സമൂഹത്തിൽ 77 ശതമാനം പേർ മാത്രമാണ് തങ്ങളുെടെ ജെൻഡർ ഏതെന്ന് വ്യക്തതയുള്ളവർ.

ജൻഡർ ഗ്യാപ് ഏറ്റവും കുറവുള്ള , ജെൻഡർ ന്യൂട്രാലിറ്റിയിൽ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ നിൽക്കുന്ന ഡെൻമാർക്ക്, ഫിൻലാൻഡ്, നോർവെ എന്നീ രാജ്യങ്ങളിൽ സ്ത്രീ പീഡനത്തിന്റെ തോത് വളരെയധികം വർധിക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഫിൻലാന്റിൽ 50,000 സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. ഡെൻമാർക്കിൽ 24,000 സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. ഇവയൊന്നും തള്ളിക്കളയേണ്ട ചെറിയ കണക്കുകളല്ലല്ലോ.

സ്ത്രീകളുടെ ഉന്നമനത്തിന് മുറവിളി കൂട്ടുന്നവർ തന്നെയാണ് സ്ത്രീകളെ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്ന ഈ ആശയത്തെ പിന്തുണക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസമാണ്.

ഇത് നടപ്പാക്കിയാൽ പിന്നെ സ്ത്രീകൾക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കുന്ന വനിതാ കമ്മീഷൻ പോലോത്ത സാമൂഹ്യ സ്ഥാപനങ്ങൾ അപ്രസക്തമാകും. അതു വഴി ആർക്കും എന്തുമാകാം എന്നൊരു സങ്കൽപം പിറവിയെടുക്കും. അന്ന് നമ്മൾ മാനുഷികമായി തകരും.


(കടപ്പാട്)

©സൽമാൻ ഐക്കരപ്പടി

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം