കർണാടക: ഹിജാബ് നിരോധനക്കേസില്‍ വിധിവരുംവരെ പരാതിക്കാര്‍ സഹകരിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ഹിജാബ് ധരിച്ചേ ക്ലാസില്‍ പോകൂവെന്ന് വാശിപിടിക്കരുത്. ക്ലാസുകള്‍ നഷ്ടമാകുന്നത് ഒഴിവാക്കണമെന്നും ചീഫ് ജസ്റ്റിസ്.

കുട്ടികളുടെ അധ്യായനം മുടങ്ങുന്നു. ഇവർക്ക് കോളേജുകളിൽ പോകാനുള്ള സൗകര്യം ഒരുക്കണം. അതിനായി ഒരു ഇടക്കാല ഉത്തരവ് ഇറക്കണം എന്നായിരുന്നു വിദ്യാർഥികൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ പ്രധാനമായും വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. 

ഹിജാബുമായി ബന്ധപ്പെട്ട ഹർജിയിൽ തീർപ്പാക്കും വരെ ഇത്തരത്തിൽ കുട്ടികൾക്ക് കോളേജിൽ പോകാവുന്നതാണ്. തിങ്കളാഴ്ച വീണ്ടും ഹർജിയിൽ വാദം തുടരും. അത് കഴിഞ്ഞ് മാത്രമേ തീർപ്പുണ്ടാവുകയുള്ളൂ. എത്രയും പെട്ടെന്ന് ഹർജി തീർപ്പാക്കാനാണ് കർണാടക ഹൈക്കോടതി ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ വിദ്യാർഥികളും രാഷ്ട്രീയ സംഘടനകളും സംയമനം പാലിക്കണമെന്ന് കോടതി അറിയിച്ചു.

ഹിജാബിനെ ചൊല്ലിയുള്ള തർക്കം കർണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്കൂളുകൾക്കും കോളേജുകൾക്കും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.