ന്യൂഡൽഹി : ആദ്യഡോസ് കോവിഡ് വാക്സിനെടുത്തവരുടെ എണ്ണം നൂറുശതമാനത്തോട് അടുക്കുമ്പോൾ രണ്ടാം ഡോസ് വാക്സിനെടുക്കാതെ ആറരക്കോടി പേർ ഇന്ത്യയിലുണ്ടെന്ന് ആരോഗ്യമന്ത്രാലയം. കുത്തിവെപ്പിൽനിന്ന് മാറിനിൽക്കുന്നവരെ കണ്ടെത്തി വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശംനൽകി.

കുത്തിവെപ്പെടുത്തവരുടെ വിവരങ്ങൾ ജില്ലാതലം മുതലുള്ള അധികൃതർക്ക് കോവിൻ പോർട്ടലിൽനിന്ന് നേരിട്ട് ശേഖരിക്കാനാകും. രണ്ടാംഡോസ് കുത്തിവെപ്പെടുക്കേണ്ട കാലാവധി കഴിഞ്ഞശേഷവും വാക്സിനേഷന് വിധേയരാകാത്തവരെ പോർട്ടൽ പരിശോധിച്ച് കണ്ടെത്തണം. ഫോൺ നമ്പർ ശേഖരിക്കണം. അവരുടെ വീടുകളിൽ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും നേരിട്ടെത്തി വാക്സിനേഷന്റെ ഗുണഫലങ്ങളെക്കുറിച്ച് ബോധവത്കരിച്ച് കുത്തിവെപ്പ് എടുപ്പിക്കണം. ആവശ്യമെങ്കിൽ അവർക്കായി പ്രത്യേക വാക്സിൻ യജ്ഞം നടത്തണം. രണ്ടുഡോസും എടുത്താലേ വാക്സിനേഷൻ പൂർത്തിയാവുകയുള്ളൂവെന്നും അവരെ ബോധിപ്പിക്കണം.

കൃത്യമായ ഇടവേളകളിൽ വാക്സിൻ എടുത്തെങ്കിൽമാത്രമേ ഫലപ്രാപ്തിയുണ്ടാവുകയുള്ളൂവെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. ഇന്ത്യയിൽ വാക്സിനേഷന് അർഹതയുള്ള 94 കോടി മുതിർന്നവരാണുളളത്.