ഏറ്റുമാനൂർ: മഹാപ്രളയകാലത്ത് സ്വന്തം നാടിന്റെ രക്ഷയ്ക്കെത്തിയ സൈനികരിൽ ലഫ്. കേണൽ ഹേമന്ദ് രാജുമുണ്ടായിരുന്നു. ഇപ്പോൾ മലമ്പുഴ ചെറാട് കൂർമ്പാച്ചിമലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള സംഘത്തിലും ഇൗ ഒാഫീസർ മുന്നണിയിലുണ്ടായി.
മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനുശേഷം മലയിടുക്കിൽനിന്ന് രക്ഷിച്ച ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്ന പാലക്കാട് ഗവ. ആശുപത്രിയിലും ഒപ്പമുണ്ട് ഹേമന്ദ് രാജ്. സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ ജീവനെടുത്ത ഹെലികോപ്റ്റർ ദുരന്തത്തിലും ആദ്യമെത്തിയ രക്ഷാസംഘത്തിൽ ഇദ്ദേഹവുമുണ്ടായിരുന്നു. ഊട്ടിയിലെ കരസേനയുടെ മദ്രാസ് റെജിമെന്റിൽ പരിശീലകനായ ഹേമന്ദ് രാജ് ഒട്ടേറെ തവണ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്ത് ശ്രദ്ധേയനായി.
2018-ലെ പ്രളയത്തിൽ ചെങ്ങന്നൂർ, ആലപ്പുഴ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഈ സേവനത്തിന് 2019-ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന് അർഹനായി. തൊട്ടടുത്ത വർഷം മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടിയപ്പോഴും രക്ഷാദൗത്യവുമായി ഹേമന്ദും സംഘവുമെത്തി.
കഴിഞ്ഞവർഷം ചെെന്നെയിൽ റിപ്പബ്ലിക് ദിന പരേഡിൽ മദ്രാസ് റെജിമെന്റിനെ നയിച്ചതും ഹേമന്ദ് രാജായിരുന്നു. ഏറെക്കാലത്തിനു ശേഷമായിരുന്നു ഒരു മലയാളി ചെന്നൈയിൽ പരേഡ് നയിക്കുന്നത്.
ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹേമന്ദ്‌രാജിന്റെ നേതൃത്വത്തിൽ ഒമ്പതുപേരടങ്ങിയ സേനാസംഘം എത്തിയത്. നാട്ടുകാരിൽ ചിലരെ ഒപ്പംകൂട്ടി കരസേനാംഗങ്ങൾ മലകയറി. ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും അസ്ഥാനത്തായില്ല, ദൗത്യം വിജയിക്കുകയും ചെയ്തു.
ഏറ്റുമാനൂർ തവളക്കുഴി മുത്തുച്ചിപ്പി വീട്ടിൽ റിട്ട. എക്സൈസ് ഇൻസ്പെക്ടർ ടി.കെ. രാജപ്പന്റയും സി.എസ്. ലതികാ ഭായിയുടെയും മകനാണ്. തവളക്കുഴിയിൽ ദന്ത ക്ലിനിക്ക് നടത്തുന്ന കോഴിക്കോട് പയ്യോളി സ്വദേശി ഡോ. തീർഥയാണ് ഭാര്യ. അയാൻ ഹേമന്ദ് മകനാണ്.
ഏറ്റുമാനൂരിലുള്ള ഹേമന്ദ് രാജിെന്റ വീട്ടിലേക്ക് ഒട്ടേറെ പേരാണ് അഭിനന്ദനങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി വി.എൻ. വാസവൻ തുടങ്ങിയവർ ഹേമന്ദിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.
0 Comments