ബത്തേരി : ബസിൽ കുഴഞ്ഞുവീണ് ബോധരഹിതനായ യാത്രക്കാരനെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാതെ ജീവനക്കാർ ഉദാസീനത കാട്ടിയ സംഭവത്തിൽ ആശ്രിതർക്ക് 23.9 ലക്ഷം രൂപയും പലിശയും  നഷ്ടപരിഹാരം നൽകാൻ വിധി. ബത്തേരി തൊടുവട്ടി ടി.കെ. ലക്ഷ്മണന്റെ മരണത്തിലാണ് കൽപറ്റ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ വിധി.

2018 മാർച്ച് 31 നാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ലക്ഷ്മണൻ സ്വകാര്യ ബസിൽ കുഴഞ്ഞുവീണത്.മഹാരാജാസ് ഗ്രൗണ്ട് സ്റ്റോപ്പിൽ നിന്ന് പാലാരിവട്ടത്തേക്ക് പോകാനാണ് ബസിൽ കയറിയത്. ഷേണായീസ് ജം‌ക്ഷനിൽ എത്തിയപ്പോൾ ലക്ഷ്മണൻ കുഴഞ്ഞു വീണു. ബസ് നിർത്താൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിച്ചുവെന്നാണ് പരാതി. 6 ആശുപത്രികൾ കടന്നു പോയിട്ടും ബസിൽ തർക്കം നടന്നതല്ലാതെ നിർത്തിക്കൊടുത്തില്ലത്രെ.

അനിൽകുമാർ എന്ന യാത്രക്കാരൻ ബഹളം വച്ചതിനെ തുടർന്ന് ഇടപ്പള്ളി ജംക്‌ഷനിൽ ഒടുവിൽ ബസ് നിർത്തി. ലക്ഷ്മണനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബസ് ജീവനക്കാർക്കെതിരെ പൊലീസ് പിന്നീട് കേസെടുത്തു.അഭിഭാഷകനായ ടി. ആർ. ബാലകൃഷ്ണൻ മുഖേനയാണ് ലക്ഷ്മണന്റെ ബന്ധുക്കൾ എംഎസിടിയെ  സമീപിച്ചത്.