തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റ് കേരളത്തിന് സമ്മാനിച്ചത് നിരാശ. ഈ ബജറ്റില്‍ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസും സില്‍വര്‍ ലൈനും സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.

ഏഴ് വര്‍ഷമായി എയിംസിനായി കാത്തിരിക്കുകയാണ് കേരളം. നേരത്തെ 2015-ല്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം അവതരിപ്പിച്ച ബജറ്റുകളിലൊന്നിലും എയിംസ് നിര്‍മാണത്തിന് അനുകൂലമായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

നേരത്തെ കേരളത്തിലും എയിംസ് സ്ഥാപിക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ഇത്തവണ എയിംസ് സംബന്ധിയായ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികള്‍. കേരളത്തില്‍ എയിംസ് വരുന്നത് മലബാറിലെയും ദക്ഷിണ കന്നഡയിലെയും കോയമ്ബത്തൂര്‍, നീലഗിരി തുടങ്ങി തമിഴ്നാടിന്റെ അതിര്‍ത്തി ഭാഗങ്ങളിലുള്ളവര്‍ക്കും വിദഗ്ധ ചികിത്സക്ക് ഏറെ സഹായകമാകും. കൂടാതെ തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും സ്ഥലം കണ്ടെത്തി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഇതേക്കുറിച്ചൊരു പ്രഖ്യാപനവും കേന്ദ്രത്തില്‍ നിന്നുണ്ടായിട്ടില്ല.


1

കിനാലൂരില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 200 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം പലവട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിനെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. കേരളത്തെ തഴഞ്ഞ് തെലങ്കാനയിലും ജമ്മുവിലും എയിംസ് അനുവദിക്കുകയും ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 750 കിടക്കകളും 20 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള അത്യാധുനിക ആശുപത്രിയാണ് എയിംസ്. പ്രതിദിനം 3000 ഒ.പിയും കിടത്തി ചികിത്സയും. 200 എം.ബി.ബി.എസ് സീറ്റുകള്‍ വരെ ലഭിക്കാം. 2000 കോടിയാണ് എയിംസ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.


2

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിനും കേന്ദ്ര ബജറ്റില്‍ പച്ചക്കൊടിയില്ല. പരിസ്ഥിതി മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള അനുമതി ഇതുവരെ പദ്ധതിയ്ക്ക് ലഭിച്ചിട്ടില്ലെന്നത് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതായിരിക്കാം ഈ ബജറ്റില്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളില്ലാത്തത് എന്നാണ് അനുമാനം. ബജറ്റില്‍ പദ്ധതിയെ കുറിച്ചു പരാമര്‍ശമില്ലാതായതോടെ പദ്ധതിയുടെ നടത്തിപ്പിനുള്ള തുക കേന്ദ്ര സര്‍ക്കാരോ അതു നല്‍കുന്നതിന് മറ്റ് ഏജന്‍സികളേയോ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചേക്കില്ല. നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 33,000 കോടി രൂപയാണ് കെ-റെയിലിനായി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


3

കഴിഞ്ഞ ബജറ്റ് വേളയിലും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. പാത ഇരട്ടിപ്പിക്കലും ശബരി പാതയും ഉള്‍പ്പെടെ റെയില്‍ വികസനത്തില്‍ ഒട്ടേറെ പദ്ധതികള്‍ കേരളം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിലും കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ല. ജി എസ് ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നത് അടക്കം 18 ആവശ്യങ്ങളായിരുന്നു കേരളം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ വെച്ചത്. എന്നാല്‍ സംസ്ഥാനം ആവശ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചതായി ബജറ്റ് പ്രസംഗത്തില്‍ നിന്ന് വ്യക്തമല്ല. അടിസ്ഥാന സൗകര്യമേഖലയില്‍ കേന്ദ്രം അധികമായി നടത്തുന്ന നിക്ഷേപവും സംസ്ഥാനങ്ങള്‍ക്കുള്ള കൂടുതല്‍ ധനസഹായവും കേരളത്തിനും ഗുണം ചെയ്‌തേക്കുമെന്നാണ് കരുതുന്നത്.


4

മുന്‍വര്‍ഷം വരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന 15,000 കോടി രൂപയുടെ കേന്ദ്രസഹായം ഒരു ലക്ഷം കോടി രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കൊച്ചി അടക്കമുള്ള അഞ്ച് കേന്ദ്രങ്ങളില്‍ മത്സ്യബന്ധന ഹബ്ബുകള്‍ തുടങ്ങുമെന്ന പ്രഖ്യാപനമാണ് കേരളവുമായി ബന്ധപ്പെട്ടുള്ള മറ്റൊന്ന്. കേരളത്തില്‍ 65,000 കോടി മുതല്‍മുടക്കില്‍ ദേശീയപാത വികസനം നടന്നു കൊണ്ടിരിക്കുകയാണെന്ന് നിര്‍മലാ സീതാരാമന്‍ അറിയിച്ചിട്ടുണ്ട്. ഇതില്‍ മുംബൈ - കന്യാകുമാരി ദേശീയപാതയും ഉള്‍പ്പെടും. 11.5 കിലോമീറ്റര്‍ നീളം വരുന്ന കൊച്ചി മെട്രോ കാക്കനാട് പാതയ്ക്കു വേണ്ടി 1957.05 കോടി രൂപയും അനുവദിച്ചതായി ബജറ്റില്‍ പ്രഖ്യാപനമുണ്ട്.