മുന്‍നിര ഇ–കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും സ്മാർട് ഫോണും മറ്റു വിലകൂടിയ ഉൽപന്നങ്ങളും ഓർഡർ ചെയ്യുന്നവർക്ക് പലപ്പോഴും കല്ലും സോപ്പും മണ്ണും എല്ലാം കിട്ടാറുണ്ട്. ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ പതിവാണ്. എന്നാൽ വിദേശത്തും സമാനമായ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടനിൽ നിന്നുള്ള ഒരു യുവതിക്കും ഇത്തരമൊരു അനുഭവം നേരിടേണ്ടിവന്നു. ആപ്പിളിന്റെ ഏറ്റവും വിലകൂടിയ സ്‌മാർട് ഫോണുകളിൽ ഒന്നിനാണ് ഓർഡർ നൽകിയത്. എന്നാൽ വീട്ടിലെത്തിയതോ കേവലം ഒരു ഡോളറിന്റെ അലക്കു സോപ്പും.
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി വിലയേറിയ എന്തെങ്കിലും ഓർഡർ ചെയ്യുമ്പോൾ പലർക്കും വ്യാജ ഉൽപന്നങ്ങൾ ലഭിക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ അപൂർവമായി മാത്രമാണ് സംഭവിക്കാറുള്ളതെങ്കിലും ചിലരെങ്കിലും ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകാറുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപ് ആപ്പിൾ ഐഫോൺ 12 ഓർഡർ ചെയ്ത മലയാളിക്ക് ഒരു അലക്കു സോപ്പും 5 രൂപ നാണയവും ലഭിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ബ്രിട്ടനിലെ യുവതിക്കും സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
ഖൗല ലഫയ്‌ലി എന്ന യുവതിയാണ് പ്രാദേശിക കാരിയർ വഴി ഐഫോൺ 13 പ്രോ മാക്‌സിന് ഓർഡർ ചെയ്‌തത്. എന്നാൽ, യുവതി ഓർഡർ ചെയ്ത ഐഫോൺ 13 പ്രോ മാക്സിന് പകരം വീട്ടിലെത്തിയത് 1 ഡോളർ വിലയുള്ള സോപ്പ് ആണ്. ആപ്പിൾ ഇൻസൈഡറിന്റെ റിപ്പോർട്ട് അനുസരിച്ച് ഡെലിവറി സമയത്ത് തട്ടിപ്പ് നടന്നിരിക്കാം എന്നാണ്. സ്കൈമൊബൈൽ വഴിയാണ് ഹാൻഡ്സെറ്റ് വാങ്ങിയത്. ഹാൻഡ്സെറ്റിന്റെ മുഴുവൻ തുകയും അവർ നൽകിയിട്ടില്ലെങ്കിലും വില 1,500 ബ്രിട്ടിഷ് പൗണ്ട് ആണ് (ഏകദേശം 1.5 ലക്ഷം രൂപ). 1,29,900 രൂപയ്ക്കാണ് ഈ സ്മാർട്ഫോൺ ഇന്ത്യയിൽ വിൽക്കുന്നത്.
തട്ടിപ്പിനെതിരെ യുവതി സ്കൈമൊബൈലിൽ പരാതി നൽകി. കമ്പനി ഇക്കാര്യം അന്വേഷിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ടവര്‍ ഇതുവരെ ഒരു അപ്‌ഡേറ്റും നൽകാത്തതിനാൽ യുവതി സംഭവം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
0 Comments