സംസ്ഥാനത്ത് നവംമ്പര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ വിയോജിപ്പുമായി അധ്യപക സംഘടനകള്‍. ഇടത് മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ അനുകൂല അധ്യാപക സംഘടനയുള്‍പ്പെടെയാണ് വിരുദ്ധ നിലപാടുമായി രംഗത്ത് എത്തുന്നത്. സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ് കൈക്കൊണ്ടത് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ പ്രതികരണം.
സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ആരോഗ്യ വകുപ്പ് മാത്രമല്ല കൈക്കൊള്ളേണ്ടതെന്നും അഭിപ്രായം പറയാന്‍ അവസരം നല്‍കണം എന്നുമാണ് അധ്യാപക സംഘടനകളുടെ നിലപാട്. സ്‌കൂള്‍ തുറക്കല്‍ സംബന്ധിച്ച തീരുമാനം ഏക പക്ഷീയമായ നിലപാടാണ് എന്നാണ് അധ്യാപക സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന വാദം. സിപിഐ അധ്യാപക സംഘടന എകെഎസ്ടിയുവും ആവശ്യവുമായി രംഗത്ത് എത്തിയത് വരും ദിവസങ്ങളില്‍ വിഷയം കൂടുതല്‍ ചര്‍ച്ചയിലേക്ക് കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍.നവംബര്‍ 1 മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പുപോലും തീരുമാനം അറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ചേര്‍ന്ന കൊവിഡ് ഉന്നതതല യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ക്ഷണമുണ്ടായില്ല. വിഷയത്തില്‍ ആരോഗ്യ വകുപ്പുമായി മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിവാര അവലോകനയോഗത്തില്‍ എടുത്ത നിലപാട്.
അതേസമയം, വലിയ ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് മുന്നിലുള്ളത് ഒരു പിടി വെല്ലുവിളികള്‍. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് പ്രധാന വെല്ലുവിളി. ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാനാവുമോ എന്ന ആശങ്കയുമുണ്ട്.
കുട്ടികള്‍ക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുക, അണുവിമുക്തമായ ശുചിമുറികള്‍ എന്നിവയും ഒരുക്കേണ്ടതുണ്ട്. ഈ ആഴച മുതല്‍ ഇത് സംബന്ധിച്ച് വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും തീരുമാനം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം.
എല്ലാ ക്ലാസുകളും ഒരുമിച്ച് തുറക്കേണ്ട സാഹചര്യമുണ്ടാകുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന ആശങ്ക. മുന്നൊരുക്കങ്ങളൊരുക്കുന്നതിന് സമയം ആവശ്യമായതിനാല്‍ ഘട്ടം ഘട്ടമായി ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനുള്ള സൗകര്യം ലഭിക്കുമെന്നായിരുന്നു വകുപ്പിന്റെ പ്രതീക്ഷ. പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കുന്നതിലും വിദ്യാഭ്യാസ വകുപ്പിന് ആശങ്കയുണ്ട്. എന്നാല്‍ ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശ പ്രകാരം പ്രൈമറി ക്ലാസുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറില്ലെന്നാണ് സൂചന.
0 Comments