അറബികൾ കേരളവുമായുള്ള ബന്ധം ഇസ്ലാമിന് മുമ്പു തന്നെ ആരംഭിച്ചതാണ്.ആദ്യകാലങ്ങളിൽ അറബികൾ വ്യാപാരികളും നാവികരുമായിട്ടാണ് ഇന്ത്യ, സിലോൺ, ദ്വീപുകൾ എന്നിവയുടെ കടലോരങ്ങൾ സന്ദർശിച്ചത്.
എ.ഡി. 9-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇബ്നുഖുർദാദ്ബി അദ്ദേഹത്തിന്റെ " കിതാബ് വൽ മസാലിക് വൽ മമാലിക് " എന്ന ഗ്രന്ഥത്തിൽ ഇന്ത്യയുടെ പശ്ചിമ തീരത്തുള്ള പ്രധാന നഗരങ്ങളെ കുറിച്ച് ശരിയായ വിവരണം നൽകുന്നുണ്ട്.
എ.ഡി 10-ാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ എഴുതപ്പെട്ട ഇബ്നുൽ ഫഖീഹിന്റെ "മുഖ്തസർ കിതാബ് അൽ ബുൽദാൻ " കൊല്ലത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. 'കുലുമാലി ' എന്നാണ് അദ്ദേഹം അതിന് ഉപയോഗിച്ചിട്ടുള്ള പേര്.
എ.ഡി 12-ാം നൂറ്റാണ്ടിലെ ഇതിരീസിയുടെ "കിതാബ് നുസ്ഹത്ത് അൽ മുശ്താഖി " ൽ പന്തലായനിയെ പറ്റി പ്രതിപാദിക്കുന്നുണ്ട്.
എ.ഡി 13-ാം നൂറ്റാണ്ടിൻറെ ആദ്യത്തിൽ എഴുതപ്പെട്ട യാഖൂത്തിന്റെ "മുഅജമുൽ ബുൽദാൻ " എന്ന ഗ്രന്ഥമാണ് ആദ്യമായി മലിബാർ, മഅബർ എന്നീ പദങ്ങളെ വ്യക്തമായി വേർതിരിച്ച് വിവരണം നൽകിയ കൃതി.
ഇതേ നൂറ്റാണ്ടിൽ ജീവിച്ച ഖസ് വീനിയും മലബാറിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
എ.ഡി 14-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ദിമശ്ഖിയുടെ "കിതാബ് നുഖ്ബത് അൽ ദഹ്ർ " എന്ന ഗ്രന്ഥത്തിൽ മലബാർ കുരുമുളകിൻറെ രാജ്യമാണെന്ന് പ്രതിപാദിക്കുന്നുണ്ട്.
ഇങ്ങനെ പല കാലഘട്ടങ്ങളിലായി കേരളം അറബി സാഹിത്യത്തിലും സംസ്കാരത്തിലും ഇടംപിടിച്ചിട്ടുണ്ട്.

0 Comments