സൽമാൻ ഐക്കരപ്പടി
(ചീഫ് എഡിറ്റർ)
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഒരു ജീവനു വേണ്ടി മെയ്യും കൈയ്യും മറന്ന് പ്രവർത്തിച്ചവരാണ് മലയാളികൾ. സ്പൈനൽ മസ്കുലർ അഡ്രോഫി (SMA) എന്ന ഒരപൂർവ്വ രോഗത്തിന് വിധേയമായ ഒന്നര വയസ്സുകാരൻ കുഞ്ഞു മുഹമ്മദിന്റെ വലിയ പ്രതീക്ഷകൾക്ക് നിറം പകരാൻ കേരളീയർക്ക് സാധിച്ചു.
മുഹമ്മദിന്റെ സഹോദരി അഫ്രയും ഇതേ രോഗത്തിന് വിധേയമായതായിരുന്നു. ഇന്ന് അഫ്രമോൾ വീൽചെയറിലാണ് ജീവിതം തള്ളി നീക്കുന്നത്. ഈ അവസ്ഥ ഇനി തന്റെ അനിയനും സംഭവിക്കരുത് എന്നാണ് അഫ്രയുടെ പ്രാർത്ഥന. അത് ദൈവം കേട്ടു. ഇതിൽ നിന്ന് രക്ഷപ്പെടുന്നതിന് ഒരു ഡോസിന് 18 കോടി രൂപ വില വരുന്ന മരുന്നാണ് ഡോക്ടേസ് നിർദ്ദേശിച്ചത്. സുമനസ്സുകളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ കൊണ്ട് വെറും 6 ദിവസങ്ങൾക്കുള്ളിൽ ഇതിനു വേണ്ട തുക നമുക്ക് കണ്ടെത്താൻ സാധിച്ചു.
മുഹമ്മദിന് വേണ്ടി കൈകോർത്ത കേരളീയർക്ക് മുന്നിൽ നൊമ്പരമായി മാറുകയാണ് ആറ് മാസം പ്രായം മാത്രമുള്ള കുഞ്ഞു ഇമ്രാനും. ഇമ്രാന്റെ ചികിത്സക്കും 18 കോടി രൂപയുടെ മരുന്നാണ് വേണ്ടത്. ഇമ്രാന്റെ മുമ്പേ ഇതേ രോഗം ബാധിച്ച് വെറും മൂന്ന് മാസം പ്രായമുള്ള കുട്ടി ഇമ്രാന്റെ ഉമ്മക്കും ബാപ്പക്കും നഷ്ടമായിട്ടുണ്ട്.
ഇനിയും അവരുടെ കണ്ണുനീർ ഭൂമിയിൽ പതിക്കരുത്.
മുഹമ്മദിനെ ഏറ്റെടുത്ത നന്മയുളള ലോകത്തിന് ഇമ്രാനെയും രക്ഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മനുഷ്യത്വം മരിക്കുകില്ല, തീർച്ച.

0 Comments