സ്വാലിഹ് ചെറുകുന്ന്
പുണ്യങ്ങളുടെ പൂക്കാലമായ മാസമാണ് വിശുദ്ധ റമളാൻ. അതിനു തൊട്ടു മുമ്പ് നമുക്ക് അല്ലാഹു നൽകിയ രണ്ട് മാസങ്ങൾ ആണ് റജബും ശഹ്ബാനും. റജബ് മാസം വന്നാൽ നബി(സ്വ)ഇങ്ങനെ ദുആ ചെയ്യാറുണ്ടായിരുന്നു :"റജ ബിലും ശഹ്ബാനിലും ഞങ്ങൾക്ക് ബർകത്തു നൽകണേ, പരിശുദ്ധ റമളാനിനെ എത്തിച്ചു തരണേ"റജബ് മാസം എത്തിയാൽ വിശുദ്ധ റമളാനിനെ പ്രതീക്ഷിക്കാനുള്ള സമയമായി. റജബ് മാസത്തിലെ ഏറ്റവും വലിയ സംഭവം ആണ് നബി(സ്വ)റജബ് 27ന് നടത്തിയ ഇസ്രാഉം മിഹ്റാ ജും യാത്ര. ആ യാത്രയിലാണ് മുസ്ലിംകൾക്ക് 5 സമയത്തും നിർവഹിക്കാൻ നിസ്കാരം എന്ന ഒരു മഹത്തായ സമ്മാനം നബി (സ്വ)അല്ലാഹുവിന്റെ കല്പന പ്രകാരം ലോകത്തിനു സമർപ്പിക്കുന്നത്.
റജബ് അല്ലാഹുവിന്റെ മാസവും ശഹ്ബാൻ എന്റെ മാസവും റമളാൻ എന്റെ ഉമ്മത്തിന്റെ മാസമാണെന്ന് നബി(സ്വ)പറഞ്ഞിട്ടുണ്ട്. റജബ് 27ന് വൃതം അനുഷ്ഠിക്കൽ ഏറ്റവും പുണ്യമുള്ള കാര്യമാണ്.
അനസ്(റ )വിൽ നിന്ന് നിവേദനം :നബി(സ്വ)തങ്ങൾ പറഞ്ഞു:സ്വർഗത്തിൽ ഒരു നദിയുണ്ട് റജബ് എന്നാണതിന്റെ പേര്.പാലിനേക്കാൾ വെളുപ്പും തേനിനേക്കാൾ മധുരവുമുള്ളതാണ് അതിലെ പാനീയം. ആരെങ്കിലും റജബ് മാസത്തിൽ വ്രതം അനുഷ്ഠിച്ചാൽ ആ നദിയിൽ നിന്നും അല്ലാഹു അവന് വെള്ളം നൽകും.
റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ച രാവിന് വലിയ മഹത്വമുണ്ട്. മലക്കുകൾ അതിനെ" ലൈലത്തുൽ ഒറാഇസ് "എന്നാണ് വിശേഷിപ്പിക്കുന്നത്. റജബ് മാസത്തിലെ വെള്ളിയാഴ്ച രാവിൽ മലക്കുകൾ കഅബ ത്വവാ ഫ് ചെയ്യുന്നതാണ്. ആ സന്ദർഭത്തിൽ അല്ലാഹു അവരോട് പറയും:നിങ്ങൾ ക്ക് എന്ത് വേണമെങ്കിലും ചോദിക്കാം. അപ്പോൾ മലക്കുകൾ പറയും:ഇന്ന് റജബ് മാസത്തിലെ വെള്ളിയാഴ്ച രാവ് ആണല്ലോ. ഇന്ന് വ്രതം അനുഷ്ഠിച്ച എല്ലാ വിശ്വാസികൾക്കും നീ പൊറുത്തു നൽകണേ എന്ന് മലക്കുകൾ അല്ലാഹുവിനോട് ദുആ ചെയ്യുന്നതാണ്. റജബ് മാസത്തിനു വളരെയധികം മഹത്വവും പുണ്യവുമുണ്ട്. റജബ് മാസത്തിൽ കൂടുതൽ ഇബാദത്ത് ചെയ്യാൻ അല്ലാഹു നമുക്ക് ഭാഗ്യം നൽകട്ടെ, ആമീൻ.
0 Comments