കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ടാക്ടർ റാലി ഇന്ന് . രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുമ്പോൾ ഡൽഹി അതിർത്തികളിൽ കർഷകശക്തി വിളിച്ചോതുന്ന ട്രാക്ടർ റാലിക്ക് തുടക്കമാകും . ഒരു ലക്ഷം ട്രാക്ടറുകളാണ് റാലിയിൽ പങ്കെടുക്കുക . ഉച്ചക്ക് 12 മണിക്കാണ് ട്രാക്ടർ റാലി ആരംഭിക്കുന്നത് . ഡൽഹിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം . ട്രാക്ടറുകളിൽ ദേശീയ പതാകയും കർഷക സംഘടനകളുടെ കൊടികളും മാത്രം ഉപയോഗിക്കും . അയ്യായിരം ട്രാക്ടറുകൾക്കാണ് റാലിയിൽ പൊലീസ് അനുമതി എന്നാൽ ഒരു ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുമെന്നാണ് 
കർഷകസംഘടനകളുടെ പ്രഖ്യാപനം . ഒരു ലക്ഷം ട്രാക്ടറുകളിലായി സ്ത്രീകൾ അടക്കം 4 ലക്ഷത്തിൽ അധികം കർഷകർ പങ്കെടുക്കും . സിങ്കു , തിക്രി , ഗാസിപുർ എന്നിവടങ്ങളിൽ നിന്നാണ് പരേഡ് ആരംഭിക്കുക . നിലവിൽ നൽകിയിരിക്കുന്ന റൂട്ട് മാപ്പ് അനുസരിച്ച് റാലി തീരാൻ 48 മണിക്കൂർ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ .